ഇരിങ്ങാലക്കുട: ഒരുകൂട്ടം പ്രവാസികളുടെ ഒത്തൊരുമയിൽ കേരളീയരംഗകലകളുടെ പ്രചരണവും, ഉന്നമനവും ലക്ഷ്യമിട്ട് ദുബായിലും കേരളത്തിലുമായി കഴിഞ്ഞ പതിനെട്ടുവർഷമായി പ്രവർത്തിച്ചുവരുന്ന കലാസംഘടനയായ ‘തിരനോട്ടം’ഒരുക്കുന്ന ‘അരങ്ങ്’ ആഗസ്റ്റ് 10ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ
ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് മാസത്തിൽ നടത്തിവരാറുള്ള മേളയാണ് “അരങ്ങ് “. ക്രൈസ്റ്റ്കോളേജിന്റെ സഹകരണത്തോടെയാണ് ഇത്തവണയും ‘അരങ്ങ് 2025’ ഒരുക്കുന്നത്.
ആഗസ്റ്റ് 10ന് രാവിലെ 9.30ന് ആരംഭിക്കുന്ന ‘അരങ്ങി’ൽ ‘ഗുരുദക്ഷിണ’ യെത്തുടർന്ന് കോട്ടക്കൽ പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന ‘കീചകവധം’ കഥകളിയുടെ സമ്പൂർണ്ണാവതരണം ഉണ്ടായിരിക്കും. നടപ്പിലുള്ള അവതരണരീതികളിൽനിന്നും വ്യത്യസ്തമായി, ഇരയമ്മൻതമ്പി രചിച്ച ‘കീചകവധം’ ആട്ടക്കഥ സമ്പൂർണ്ണമായി അവതരിപ്പിക്കുന്നുവെന്ന അത്യപൂർവ്വമായ പ്രത്യേകതകൂടിയുണ്ട്. കോട്ടക്കൽ പി എസ് വി നാട്യസംഘ ത്തിലെ നാല്പതോളം കലാകാരന്മാർ ചൊല്ലിയാടിയുറപ്പിച്ച് അവതരിപ്പിക്കുന്ന, എട്ടുമണിക്കൂറിലധികം നീണ്ടുനില്ക്കുന്ന ഈ ബൃഹത് അവതരണത്തിൽ നായകകഥാപാത്രമായ കീചകവേഷത്തിന് ഡോക്ടർ സദനം കൃഷ്ണൻകുട്ടി പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്.
ജീവിതത്തിലുടനീളം സർഗ്ഗാത്മകതനിറഞ്ഞ കലാസപര്യ പിൻതുടർന്ന മുതിർന്ന ആചാര്യന്മാർക്കുള്ള “ദക്ഷിണ” ഇത്തവണ കഥകളി നാട്യാചാര്യൻ കലാമണ്ഡലം കെ ജി വാസുദേവൻ, അണിയറശില്പി കോട്ടയ്‌ക്കൽ കുഞ്ഞിരാമൻ എന്നീ മഹാപ്രതിഭകൾക്ക് നല്കി ആദരിക്കുന്നു. കോട്ടയ്‌ക്കൽ കുഞ്ഞിരാമന് നല്കുന്ന ദക്ഷിണ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ്.















