തിരുവനന്തപുരം: നേതൃത്വത്തിനെതിരെ ജാതി വിവേചനം അടക്കമുള്ള ഗുരുതരാരോപണങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ പി വിഷ്ണു രാജിവെച്ചു. ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെയും ജാതി രാഷ്‌ട്രീയത്തിന്റെയും ബലിയാടാണ് താനെന്ന് വിഷ്ണു രാജിക്കത്തിൽ പറഞ്ഞു.
പാര്‍ട്ടിയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ ഉന്നതകുലജാതിയില്‍ ജനിക്കണമെന്നും വിഷ്ണു രാജിക്കത്തില്‍ പറയുന്നു.എസ് ഡി പി ഐ പോലുള്ള വര്‍ഗീയശക്തികളുടെ അടിമത്വത്തിലാണ് കോണ്‍ഗ്രസ് എന്നും വിമര്‍ശിക്കുന്നു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനാണ് രാജിക്കത്ത് നല്‍കിയത്.
പട്ടിക ജാതി വിഭാഗക്കാരനായതിനാൽ കഴക്കൂട്ടത്തെ കോൺഗ്രസ് നേതാക്കൾ ഒരു പരിപാടിയിലും തന്നെ സഹകരിപ്പിക്കുകയോ പരിപാടികൾ അറിയിക്കുകയോ ചെയ്യാറില്ല. നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ്. നേതാക്കൻമാരുടെ പെട്ടിയെടുക്കുകയും ഉന്നത കുലത്തിൽ ജയിക്കുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ നിലനിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് തന്നെ വേദനിപ്പിക്കുന്നുവെന്നും വിഷ്ണു രാജിക്കത്തിൽ പറഞ്ഞു.















