നിലമ്പൂര്‍: ടി.എന്‍. ഭരതന്‍ എക്കാലത്തും ജ്വലിക്കുന്ന പ്രചോദനമാണെന്നും അദ്ദേഹത്തെപ്പോലുള്ളവര്‍ കൊളുത്തിയ ദീപശിഖയാണ് നമ്മെ നയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആദ്യകാല ആര്‍എസ്എസ് പ്രചാരകനും ജനസംഘത്തിന്റെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി.എന്‍. ഭരതന്റെ ഓര്‍മകള്‍ അലയടിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ് നിലമ്പൂരില്‍ ഭരതേട്ടന്‍ അനുസ്മരണം സംഘടിപ്പിച്ചത്.
ഇത്ര വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ വളരെയേറെ വേദനയോടു കൂടിയും എന്നാല്‍ അഭിമാനത്തോടുകൂടിയിട്ടും ഓര്‍ക്കുന്ന നമ്മുടെ കാരണവരാണ് ഭരതേട്ടന്‍ എന്നുവിളിക്കുന്ന ടി.എന്‍. ഭരതന്‍. രാജകുടുംബത്തില്‍ ജനിച്ച ഭരതേട്ടന്‍ യഥാര്‍ത്ഥത്തില്‍ രാജാവായിട്ട് തന്നെയാണ് ജീവിച്ചത്. ഭരതേട്ടനെ പോലെയുള്ളവര്‍ വെട്ടിത്തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ് ബിജെപി ഇന്നത്തെ നിലയിലെത്തിയത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വരെ ബിജെപി മുന്നേറുന്നു. സിപിഎമ്മിന്റെ നാശമാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രശ്മില്‍ നാഥ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതി അംഗം സി. വാസുദേവന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം. പ്രേമന്‍, മേഖല പ്രസിഡന്റ് കെ. നാരായണന്‍, ഈസ്റ്റ് ജില്ല പ്രഭാരി സജി ശങ്കര്‍, മേഖല വൈസ് പ്രസിഡന്റ് അഡ്വ. ടി.കെ. അശോക് കുമാര്‍, മേഖല ട്രഷറര്‍ അഡ്വ. കെ.പി. ബാബുരാജ്, ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി ഷിനോജ് പണിക്കര്‍, സെന്‍ട്രല്‍ ജില്ല പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍, ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറിമാരായ ബിജു എം. ശാമുവേല്‍, അഡ്വ. എന്‍. ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.
വേദിയില്‍ ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നൂറ് ദിന കലണ്ടര്‍ പ്രകാശനവും നടന്നു. എടക്കര മണ്ഡലം ഭാരവാഹി ജിജി ഗിരീഷ് ശോഭാ സുരേന്ദ്രനില്‍നിന്ന് കലണ്ടര്‍ ഏറ്റുവാങ്ങി.















