ന്യൂ ഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയുമായുള്ള യുദ്ധത്തിൽ തോൽക്കുകയാണെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതിയും തകർക്കുമെന്ന് പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ . ഫ്ലോറിഡയിലെ ടാമ്പയിൽ വ്യവസായി അദ്‌നാൻ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീർ ഭീഷണി മുഴക്കിയത്.ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണിയും മുഴക്കിയ അസിം മുനീർ, പാകിസ്താൻ ആണവരാഷ്‌ട്രമാണെന്നും പാകിസ്താൻ തകർന്നാൽ ലോകത്തിന്റെ പകുതിയും ഒപ്പം തകർക്കുമെന്നും പറഞ്ഞു.
‘ഞങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്, ഞങ്ങൾ തോൽക്കുകയാണെന്ന് തോന്നിയാൽ, പകുതി ലോകവും ഞങ്ങൾ തകർക്കും . ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവച്ചതിനാൽ 2.5 കോടി ആളുകൾ പട്ടിണി കിടന്ന് മരിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിർമ്മിച്ചാൽ പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും . സിന്ധു നദിയിൽ ഇന്ത്യയ്‌ക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകൾക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത് ‘ അസിം മുനീർ പറഞ്ഞു.
“ഇന്ത്യയ്‌ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കൻ ഇന്ത്യയിൽ പാകിസ്ഥാൻ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കലിമയുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാൻ . അതിനാൽ അല്ലാഹു ഊർജ്ജവും പ്രകൃതി വിഭവങ്ങളും നൽകി അനുഗ്രഹിക്കും . പ്രവാചകൻ മുഹമ്മദ് ഇസ്ലാമിക ഭരണത്തിന് അടിത്തറയിട്ട മദീനയെപ്പോലെ പാകിസ്ഥാനും അനുഗ്രഹിക്കപ്പെടും” അസിം മുനീർ പറഞ്ഞു.കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല. കശ്മീർ പാകിസ്താന്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു.
അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്.















