കൊച്ചി: ബലാത്സംഗക്കേസ് പ്രതി റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക ഇടപാടുകളിലും ദുരൂഹത. സ്റ്റേജ് ഷോകളിലൂടെ വേടന് ലക്ഷങ്ങളായിരുന്നു വരുമാനം. എന്നാൽ കോടികളുടെ ഇടപാട് ഇതിന്റെ പേരിൽ നടത്തിയിരുന്നതെന്നാണ് വിവരം. യുവാവിന്റെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം ശക്താമാണ്.
അടുത്തിടെ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 9.50 ലക്ഷം രൂപയുടെ കറൻസി കണ്ടെത്തിയിരുന്നു. ഈ പണത്തിന്റെ സ്രോതസ്സ് കൃത്യമായി വിശദീകരിക്കാൻ വേടന് ഇതുവരെ സാധിച്ചിട്ടില്ല. സംഗീത പരിപാടിക്ക് ലഭിച്ച പണം എന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും തുക കറൻസിയായി കൈമാറിയത് ആരെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ഇതിന് പുറമേ സംശയസ്പദമായ സ്രോതസ്സുകളിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു എന്നാണ് വിവരം. വേടന്റെ വരികളും വാക്കുകളും ചില ഗ്രൂപ്പുകളുടെ അജണ്ടയാണെന്ന ആരോപണവും ശക്തമാണ്. ബലാത്സംഗം അടക്കമുള്ള ഗുരുതര കേസുകളിൽ പ്രതിയായിട്ടും വേടന് സോഷ്യൽ മീഡിയയിലും സമൂഹത്തിലും കിട്ടുന്ന പിന്തുണയ്‌ക്ക് പിന്നിലും ഇവരുടെ കൃത്യമായ സാന്നിധ്യമുണ്ട്.
ബലാത്സംഗ പരാതി നൽകിയ യുവ ഡോക്ടറിൽ നിന്നും 2021 മുതൽ വേടൻ പണം കൈപ്പറ്റിയരുന്നു. വേടന് നൽകിയ പണത്തിന്റെ വിശദാംശങ്ങൾ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം വേടന് എതിരായ ബലാത്സംഗ കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. വേടന് പൊലീസ് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് നോട്ടീസ് ഇറക്കിയത്. രണ്ടാഴ്ച മുൻപാണ് വേടനെതിരെ കേസെടുത്തത്. ഇയാൾ വിദേശത്ത് കടക്കാൻ ശ്രമിക്കുന്നു എന്നാണ് വിവരം.















