ആലപ്പുഴ: വീടുവിട്ടിറങ്ങിയ ഭാര്യയെ രണ്ടുമാസമായിട്ടും കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. തിരിച്ച് വരണമെന്നും ബാദ്ധ്യതകള്‍ തീര്‍ക്കാമെന്നും ഭാര്യയോട് കരഞ്ഞ് പറഞ്ഞുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടും ഫലം കാണാഞ്ഞതിനു പിന്നാലെയാണ് ആത്മഹത്യ.
കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് ജീവനൊടുക്കിയത്.ജൂണ്‍ 11നാണ് വിനോദിന്റെ ഭാര്യ രഞ്ജിനിയെ (45) കാണാതായത്. കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയായ രഞ്ജിനി രാവിലെ ബാങ്കിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് ഇവർ. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവര്‍ ബാങ്കില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഓട്ടോറിക്ഷയില്‍ കായംകുളത്ത് വന്നിറങ്ങി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേയ്‌ക്ക് പോകുന്നതായി സിസിടിവി ദ്യശ്യങ്ങളിലുണ്ട്.പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് പോയത്. ഇതിനാല്‍ ലൊക്കേഷന്‍ കണ്ടത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. രഞ്ജിനിയെ കാണാതായതോടെ വിനോദ് മാനസികമായി തകർന്നിരുന്നു.
രഞ്ജിനി കനറാ ബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നതായാണ് അറിയുന്നത്. വിനോദിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: വിഷ്ണു, ദേവിക.















