തിരുവനന്തപുരം: സർക്കാരും ദേവസ്വം ബോർഡും പമ്പയിൽ നടത്തുന്ന അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കുമെന്ന് ബിന്ദു അമ്മിണി. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണി ഇക്കാര്യം അറിയിച്ചത്. സർക്കാർ ഒത്താശയോടെ കനത്ത പൊലീസ് സുരക്ഷയിൽ ശബരിമലയിലെ പവിത്രമായ ആചാരം ലംഘിക്കാൻ ശ്രമിച്ച ആളാണ് ബിന്ദു അമ്മിണി.
ശബരിമലയിൽ ആചാര ധ്വംസനം നടത്താൻ കൂട്ടുനിന്ന സർക്കാറും ദേവസ്വം ബോർഡും നടത്തുന്ന പരിപാടിയിൽ ആരൊക്കെ പങ്കെടുക്കും എന്നതിൽ വലിയ അവ്യക്തത നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് താൻ പങ്കെടുക്കും എന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയത്. ഇനി സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണോ ബിന്ദു അമ്മിണി വരുന്നതെന്ന് വ്യക്തമാക്കേണ്ടത് ദേവസ്വം ബോർഡാണ്.
2018ൽ സുപ്രീം കോടതി വിധിയുടെ മറവിൽ വിശ്വസത്തെ ചവിട്ടി അരച്ച്, ബിന്ദു അമ്മിണിയെ പോലുള്ള വരെ പൊലീസ് സംരക്ഷണയിൽ മല കയറ്റിയ സർക്കാരാണ് അയ്യപ്പസംഗമവുമായി മുന്നോട്ട് പോകുന്നത്. 3,000 പേർ ഇതിൽ പങ്കെടുക്കുമെന്നാണ് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചത്.
സർക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാടി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിനും ദേവസ്വം ബോർഡിനും ഏതെങ്കിലും തരത്തിലുള്ള ആത്മാർത്ഥത ഭക്തജനങ്ങളോടുണ്ടെങ്കിൽ സുപ്രീം കോടതിയിൽ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്ത ഭക്തർക്കെതിരെ 20,000 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. ഇവ പിൻവലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതൊന്നും ചെയ്യാതെ സംഗമം നടത്തി ആളെക്കൂട്ടാനുള്ള ശ്രമം ഇരട്ടാത്താപ്പാണെന്നും ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടി















