ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാന് നഷ്ടമായത് 1,240 കോടി രൂപ (PKR 4.1 ബില്യൺ). പാക് പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് ഡോൺ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ ഇന്ത്യ സിന്ധുനദിജല കരാർ മരവിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് വ്യോമാതിർത്തി അടച്ചത്. കരാർ റദ്ദാക്കിയത് പാകിസ്ഥാൻ സമ്പദ്‍വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടച്ചതിന്റെ നഷ്ടക്കണക്ക് കൂടി പുറത്തുവന്നത്.
ഏപ്രിൽ 24 നും ജൂൺ 30 നും ഇടയിൽ പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് വരുമാനം കുത്തനെ കുറഞ്ഞു. 2019 ൽ പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയുടെ ശരാശരി പ്രതിദിന ഓവർഫ്ലൈറ്റ് വരുമാനം 5.08 ലക്ഷം യുഎസ് ഡോളറായിരുന്നു. 2025 ൽ ഇത് 7.60 ലക്ഷം യുഎസ് ഡോളറായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിരോധനം പാകിസ്ഥാന് പ്രതീക്ഷിച്ചതിലും കൂടുതൽ നഷ്ടം വരുത്തിവയ്‌ക്കുന്നു എന്നും ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയും പാക് വിമാനങ്ങൾക്ക് മുന്നിൽ വ്യോമാതിർത്തി അടച്ചിരുന്നു. ഓഗസ്റ്റ് 24 വരെയാണ് നിലവിൽ വിലക്ക്.















