ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിയെ ശക്തമായി അപലപിച്ച് ഇന്ത്യ. ആണവായുധം കാണിച്ച് ഭീഷണി മുഴക്കുന്നത് പാകിസ്ഥാന്റെ പരമ്പരാഗത രീതിയാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന ഇന്ത്യയുടെ നിലപാട് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
ഒരു മൂന്നാം രാജ്യത്തിന്റെ മണ്ണിൽ നിന്നാണ് പാകിസ്ഥാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ഇത്തരം പരാമർശങ്ങളിൽ നിന്നും പാകിസ്ഥാന്റെ നിരുത്തരവാദപരമായ നിലപാടുകളെ കുറിച്ച് അന്താരാഷ്‌ട്ര സമൂഹത്തിന് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാനാകും. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നായിരുന്നു മുനീറിന്റെ പരാമർശം. നമ്മൾ ഒരു ആണവ രാഷ്‌ട്രമാണ്. നമ്മൾ പരാജയപ്പെടുന്ന സ്ഥിതിയുണ്ടായാൽ ലോകത്തിന്റെ പകുതി ഭാഗവും ഇല്ലാതാക്കുമെന്നായിരുന്നു പാക് സെനിക മേധാവിയുടെ വാക്കുകൾ. യുഎസിലെ ഫ്ലോറിഡയിൽ പാക് വംശജരായ വ്യവസായികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മുനീർ ഇക്കാര്യം പറഞ്ഞത്. യുഎസ് മണ്ണിൽ വച്ച് അസീം മുനീർ നടത്തിയ പ്രസ്താവന ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത്.















