കോഴിക്കോട്: ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിച്ച സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശക്തമായ മറുപടിയുമായി തലശേരി അതിരൂപത. എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങി മാത്രമേ കത്തോലിക്കാ മെത്രാന്മാര്‍ പ്രതികരിക്കാന്‍ പാടുള്ളൂവെന്നത് ഫാസിസമാമെന്ന് തലശേരി അതിരൂപത ചൂണ്ടിക്കാട്ടി.
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്‌താവനയാണ് ഗോവിന്ദൻ നടത്തിയത്. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതില്‍ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. യുവജന സംഘടനയുടെ ചില നേതാക്കൾ വിലകുറഞ്ഞ പ്രശസ്‌തിക്കുവേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാൽ പാർട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്.
അവസരവാദം എന്നത് ആപ്‌തവാക്യമായി സ്വീകരിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രസ്‌താവനകളെ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും. ഏതെങ്കിലും പ്രസ്‌താവനയിൽ ഒരാഴ്ച്‌ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിന് ഇല്ലായെന്നതിന് മലയാളികൾ സാക്ഷികളാണ്. സ്വന്തം പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്‌താവനകൾ ഇദ്ദേഹത്തിന്റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികൾക്ക് മുമ്പിലുണ്ട്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്ന് അതിരൂപത വിമർശിച്ചു.
മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണ്. ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമായിരുന്നു ഗോവിന്ദന്റെ പരാമർശം. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ ബിജെപിക്കെതിരെയാണ് പാംപ്ലാനി സംസാരിച്ചത്. എന്നാല്‍ ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി പറഞ്ഞു.അച്ചന്മാര്‍ കേക്കും കൊണ്ടു സോപ്പിടാന്‍ പോയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.















