ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജബൽപ്പുരിൽ ഇസാഫ് ബാങ്ക് ശാഖയിൽ വൻ കവർച്ച. തോക്കു ചൂണ്ടി 14 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയുമാണ് കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഉത്സവ സീസൺ പ്രമാണിച്ച് രാവിലെ എട്ടിനാണ് ബാങ്ക് പ്രവർത്തനം തുടങ്ങിയത്. ബാങ്ക് തുറന്നതിന് പിന്നാലെയാണ് ഹെൽമറ്റ് ധരിച്ച തോക്കുധാരികളായ അഞ്ചംഗ സംഘം എത്തിയത്.
തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ശുചിമുറിയിൽ പൂട്ടിയിടുന്നതും ലോക്കറിന്റെ താക്കോൽ കൈക്കലാക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 20 മിനിറ്റു കൊണ്ടാണ് 14 കോടിയുടെ സ്വർണവും പണവും ഇവർ കവർന്നത്.
പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണ്. കൊള്ള സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചെന്നും റിപ്പോർട്ടുണ്ട്. ബൈക്കിലാണ് മോഷ്ടാക്കൾ എത്തിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.















