ബെംഗളൂരു : കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് ദേശീയ പാതയിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെആന ചവിട്ടി വീഴ്ത്തിയ യുവാവിന് 25,000 രൂപ പിഴ . വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്ക് 25,000 രൂപ പിഴ ചുമത്തിയത്. ഇയാൾ ക്ഷമാപണം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
നീലഗിരി ജില്ലയിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തോട് ചേർന്നുള്ള കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലാണ് സംഭവം. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇടയ്‌ക്കിടെ ഈ റോഡിൽ കാണാറുണ്ട്.ആ പ്രദേശത്തുകൂടി കടന്നുപോകുകയായിരുന്ന ഒരാൾ റോഡിൽ നിൽക്കുന്ന ഒരു കാട്ടാനയുടെ കൂടെ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ അത് അയാളെ ഓടിച്ചിട്ട് ചവിട്ടി. ഇന്നലെ വൈകുന്നേരം നടന്ന സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു .
ആനയുടെ ആക്രമണത്തിൽ നിന്ന് ആ മനുഷ്യൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . കാട്ടാനയുടെ മേൽ അതിക്രമം നടത്തിയ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കർണാടക വനം വകുപ്പ് ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിയുകയും അന്വേഷണത്തിനായി ബന്ദിപ്പൂർ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുവരികയും ചെയ്തു. അന്വേഷണത്തിൽ, ഇയാളുടെ പേര് ബസവരാജ് എന്നും മൈസൂരിനടുത്തുള്ള നഞ്ചൻഗുഡു പ്രദേശത്തുനിന്നുള്ളയാളാണെന്നും കണ്ടെത്തി. തുടർന്ന് കർണാടക വനംവകുപ്പ് ഇയാൾക്ക് 25,000 രൂപ പിഴ ചുമത്തി.
താൻ ചെയ്തത് തെറ്റാണെന്ന് പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും വനം വകുപ്പ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ബസവരാജ് ക്ഷമാപണം നടത്തുന്ന വീഡിയോ വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.















