കണ്ണൂർ: ഗോവിന്ദ ചാമിയെ പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ സംസാരിക്കരുതെന്ന് കേരള കത്തോലിക്കാ കോൺഗ്രസ്. കോടിയേരി ബാലകൃഷ്ണനെ പോലുള്ളവർ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഗോവിന്ദൻ മറക്കരുത്. എം.വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്നും കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവസാരവാദിയെന്ന് പറഞ്ഞ് ഗോവിന്ദൻ അവഹേളിച്ചിരുന്നു. പിന്നാലെയാണ് കേരള കത്തോലിക്കാ കോൺഗ്രസിന്റെ പ്രതികരണം.
മൂന്നാം പിണറായി സർക്കാർ വരണോ എന്ന് അവർ ആലോചിക്കണം. വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകളാണ് ഗോവിന്ദൻ നടത്തുന്നത്. മൈക്ക് കൈയിൽ കിട്ടിയെന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയരുതെന്നും ഫാദർ ഫിലിപ്പ് കവിയിൽ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നടന്ന പരിപാടിയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ഗോവിന്ദൻ അവഹേളിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് ഗോവിന്ദൻ വിളിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഗോവിന്ദന്റെ വാക്കുകൾ. എംവി ഗോവിന്ദനെതിരെ നേരത്തെ തലശേരി അതിരൂപതയും രംഗത്ത് വന്നിരുന്നു.















