ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസിൽ തമിഴനാട് പൊലീസിന്റെ അന്വേഷണം പൂർണ പരാജയമാണെന്നും ഹൈക്കോടതി വിമർശിച്ചു. സോഷ്യൽമീഡിയ പോസ്റ്റ് അടിസ്ഥാനരഹിതമാണന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
ഭഗവാൻ ശ്രീകൃഷ്ണനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്കിൽ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലാവുകയും ഒപ്പം ചർച്ചയാവുകയും ചെയ്തത്. ഇതിന് പിന്നാലെ നിരവധി ഹൈന്ദവ വിശ്വാസികൾ വിമർശനവുമായി രംഗത്തെത്തി. തുടർന്നാണ് കേസ് നൽകിയത്. പരാതിക്കാരനായ പി പരമശിവൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും കേസ് റദ്ദാക്കിയ മജിസ്ട്രേറ്റിന് പിഴവ് സംഭവിച്ചുവെന്നും കോടതി വ്യക്തമാക്കി.
സതീഷ് കുമാർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിന് ആധാരം. ശ്രീകൃഷ്ണനും തൊഴിമാരും എന്ന അടിക്കുറിപ്പോടെ വളരെ മോശമായ ചിത്രമാണ് ഇയാൾ പങ്കുവച്ചത്. പിന്നാലെ സോഷ്യൽമീഡിയയിൽ നിന്ന് തന്നെ വൻ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സതീഷ് കുമാർ നിയമനടപടിയുമായി മുന്നോട്ടുനീങ്ങിയത്.
എന്നാൽ, കേസ് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പങ്കുവയ്‌ക്കാൻ മെറ്റ തയാറാകാത്തതോടെയാണ് അന്വേഷണം നിന്നുപോയത്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയുടെ പ്രധാന വിവരങ്ങൾ പോലും കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നുണ്ട്.















