ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ സിഐഡി (സെക്യൂരിറ്റി) ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ജയ്സാൽമീറിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസിലെ കരാർ ജോലിക്കാരനായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഗസ്റ്റ് ഹൗസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ്. പാക് ഐഎസ്ഐയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ ചോർത്തി നൽകാൻ ശ്രമിച്ചെന്നാണ് സംശയം.
ജയ്സാൽമീറിലെ ഫയറിംഗ് റേഞ്ചിലാണ് ഡിആർഡിഒ മിസൈലുകളുടെയും ആയുധങ്ങളുടെയും പരീക്ഷണ നിരീക്ഷണം പ്രധാനമായും നടത്തുന്നത്. ഈ സമയത്ത് പ്രതിരോധ ഉദ്യോഗസ്ഥർ ഡിആർഡിഒ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നിർണ്ണായക വിവരങ്ങൾ ഏജൻസി ശേഖരിച്ചിട്ടുണ്ട്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















