ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് അർജുന്റെ വധു. ഇരുവരും തമ്മിലുളള വിവാഹനിശ്ചയം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുെയും സാന്നിധ്യത്തിൽ നടന്നു.
25 കാരനായ അർജുൻ, ഇടംകൈയ്യൻ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്‌ക്ക് വേണ്ടി കളിക്കുന്നുണ്ട്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായും കളിച്ചിട്ടുണ്ട്.
മുംബൈയിലെ പ്രമുഖ ബിസിനസ്സ് കുടുംബാംഗമാണ് സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിലാണ് ഘായ് കുടുംബം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറി എന്നിവ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.
മുംബൈ ആസ്ഥാനമായുള്ള മിസ്റ്റർ പാവ്സ് പെറ്റ് സ്പാ & സ്റ്റോർ എൽഎൽപിയിലിന്റെ ഡയറക്ടരാണ് സാനിയ ചന്ദോക്. മൃഗക്ഷേമത്തിലും സംരംഭകത്വത്തിലും താൽപര്യമുള്ള സാനിയ ഡബ്ല്യുവിഎസിൽ (WVS) നിന്ന് എബിസി (ABC) പ്രോഗ്രാം പൂർത്തിയാക്കിയ ഒരു അംഗീകൃത വെറ്ററിനറി ടെക്നീഷ്യൻ കൂടിയാണ്.















