കണ്ണൂര്‍: ദ്രാവിഡ ഭാഷകളെ കോർത്തിണക്കി ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയ ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം. സ്വപ്രയത്നത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നട ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയ പ്രതിഭയാണ് വിട പറഞ്ഞത്.
1938 ഡിസംബർ 20 നായിരുന്നു ജനനം. കണ്ണൂർ ജില്ലയിലെ തലശേരിയാണു ജന്മദേശം. യശോദയാണു ഭാര്യ. നാലാം ക്ലാസു വരെ മാത്രമേ വിദ്യാഭ്യാസം യോഗ്യതയുള്ളൂ. പിന്നീട് തുല്യതാ പരീക്ഷ ജയിച്ച് ഏഴാം ക്ലാസ് സർട്ടിഫിക്കേറ്റ് നേടിയിരുന്നു. ജീവിതസാഹചര്യങ്ങൾ മൂലം പഠനം തുടരാനാവാതെ ബീഡിത്തൊഴിലാളിയായി പണിയെടുത്തു വരികയായിരുന്നു. സാക്ഷരതാ മിഷനിൽ പങ്കെടുക്കുകയും,അതുവഴി, അന്യ നാടുകളിൽ നിന്നും വന്നവരുമായി ബന്ധപ്പെടാൻ സാധിക്കുകയും തമിഴ്, കന്നഡ ഭാഷകൾ പഠിച്ചെടുക്കുകയുംചെയ്തിരുന്നു.
1970 ഇൽ ഇദ്ദേഹത്തിനു ജലസേചനവകുപ്പിൽ ജോലി ലഭിച്ചു, ആ സന്ദർഭം ഭാഷാപഠനത്തിനായി കൂടുതലായി വിനിയോഗിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. നിഘണ്ടു പൂർത്തിയായി പ്രസാധകരെ കണ്ടെത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 82-ാം വയസ്സിലാണ് നിഘണ്ടു തയ്യാറാക്കിയത്.
വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപത്തെ മകന്റെ വീട്ടിൽ പൊതുദർശനത്തിന് ശേഷം കണ്ടിക്കൽ ശ്മശാനത്തിൽ സംസ്കാരം നടക്കും.















