ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും. വർഷങ്ങളായി നീണ്ടുനിന്ന പാകിസ്ഥാന്റെ പ്രകോപനത്തിന് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നെന്നും അതാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ യാഥാർത്ഥ്യമാക്കിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ കരോർപതി എന്ന ടെലിവിഷൻ ചാനലിൽ നടന്ന അഭിമുഖത്തിലാണ് പ്രതികരണം. പരിപാടിയുടെ പ്രമോ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
“വെറും 25 മിനിറ്റിലാണ് ഓപ്പറേഷൻ സിന്ദൂർ പൂർത്തിയാക്കിയത്. അന്ന് പുലർച്ചെ 1.05 മുതൽ 1.30 വരെയുള്ള സമയം. ഇത്ര ചെറിയ സമയത്തിനുള്ളിൽ അവരുടെ എല്ലാ പരിപാടികളും ഞങ്ങൾ അവസാനിപ്പിച്ചു. പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട്. അതിനൊരു മറുപടി ആവശ്യമായിരുന്നു. അതിനാലാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തതെന്നും” വ്യോമിക സിംഗ് പറഞ്ഞു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞ രാജ്യത്തിന്റെ അഭിമാനമായ നാരീശക്തികളെ പരിജയപ്പെടുത്തുന്നത്. പരിപാടിയുടെ പ്രമോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
ഓപ്പറേഷൻ സിന്ദൂറിലെ അനുഭവങ്ങളാണ് ഉദ്യോഗസ്ഥർ പങ്കുവക്കുന്നത്. പാകിസ്ഥാനെതിരെ നടന്ന ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ സൈന്യം തെരഞ്ഞെടുത്ത പെൺപുലികളായിരുന്നു വ്യോമിക സിംഗും സോഫിയ ഖുറേഷിയും. ഇവർക്കൊപ്പം നാവികസേന കമാൻഡർ പ്രേർണ ദിയോസ്താലിയും പരിപാടിയിൽ അതിഥിയായി എത്തുന്നുണ്ട്.















