ബെംഗളൂരു: ക്ഷേത്രനഗരമായ ധർമ്മസ്ഥലയെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ധർമ്മസ്ഥല ക്ഷേത്രത്തെയും അതിന്റെ ധർമ്മാധികാരിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ജനവികാരം ഇരമ്പുന്ന റാലികൾ കർണാടകയുടെ പല ഭാഗത്തും നടക്കുകയാണ്.
പുണ്യക്ഷേത്രനഗരത്തെ ലക്ഷ്യമിട്ടു നടക്കുന്ന അപകീർത്തികരമായ പരാമർശങ്ങളെയും വ്യാജ ആരോപണങ്ങളെയും അപലപിച്ചു കൊണ്ട് കർണാടകയിൽ വിവിധ ജില്ലകളിലായി വൻ പ്രതിഷേധങ്ങൾ നടന്നു.
ചിക്കമഗളൂരുവിൽ, താലൂക്ക് ഓഫീസ് മുതൽ ആസാദ് പാർക്ക് വരെ രണ്ട് കിലോമീറ്റർ നീളത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ 2,000-ത്തിലധികം ഭക്തർ പങ്കെടുത്തു. ഭക്തിഗാനങ്ങൾ ആലപിച്ചും വാദ്യോപകരണങ്ങൾ വായിച്ചും നൂറുകണക്കിന് സ്ത്രീകൾ റാലിയിൽ പങ്കുചേർന്നു. ഇപ്പോൾ നടക്കുന്നത് ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ച അവർ അത്തരം നീക്കങ്ങളെ അപലപിച്ചു.
കൊപ്പലിൽ, ഈശ്വർ പാർക്കിൽ നിന്ന് ഡിസി ഓഫീസിലേക്ക് നടന്ന റാലിയിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തു. ക്ഷേത്രത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലീം സ്ത്രീകളും അതിൽ പങ്കുചേർന്നു.
യാദ്ഗിറിൽ, ധർമ്മസ്ഥല ഭക്തജന ഫോറം അംഗങ്ങൾ സുഭാഷ് സർക്കിളിൽ നിന്ന് ഡിസി ഓഫീസിലേക്ക് റാലി നടത്തി, മഞ്ജുനാഥ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് റാലിയിൽ ആവശ്യമുയർന്നു.
മൈസൂരുവിൽ, ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാർഡുകൾ പിടിച്ച് ആയിരക്കണക്കിന് സ്ത്രീകൾ ഓൾഡ് ഡയറി സർക്കിളിൽ നിന്ന് ഡിസി ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്‌ഐടി അന്വേഷണത്തിൽ സുതാര്യത വേണമെന്നും ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഭക്തർ ആവശ്യപ്പെട്ടു. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്നവർ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഭക്തർ മുന്നറിയിപ്പ് നൽകി.
കലബുറഗിയിൽ, ജഗത് സർക്കിളിൽ നിന്ന് ഡിസി ഓഫീസിലേക്ക് റാലി നടത്തി. വ്യാജ യൂട്യൂബർമാർക്കും ധർമ്മസ്ഥലയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന വ്യക്തികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
“ഞങ്ങൾ ധർമ്മസ്ഥലയ്‌ക്കും അതിന്റെ ധർമ്മാധികാരിക്കും ഒപ്പമാണ്” എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് എല്ലാ ജില്ലകളിലും, പ്രതിഷേധക്കാർ ഡെപ്യൂട്ടി കമ്മീഷണർമാർ വഴി സർക്കാരിന് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചു .















