കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 160 പേർ വിഷബാധ ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
മരണമടഞ്ഞവരും ചികിത്സയിൽ കഴിയുന്നവരും മുഴുവൻ ഏഷ്യൻ പൗരന്മാരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭൂരിഭാഗം രോഗികളും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരിൽ പലർക്കും വെന്റിലേറ്റർ, അടിയന്തര ഡയാലിസിസ് തുടങ്ങിയ ഗുരുതര വൈദ്യസഹായം ആവശ്യമായി വരുന്നുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില മെഡിക്കൽ സംഘം 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നു. പുതിയ വിഷബാധാകേസുകൾ സംശയിക്കുന്ന പക്ഷം ഉടൻ തന്നെ ഹോട്ട്‌ലൈനുകൾ വഴിയോ അംഗീകൃത ആശയവിനിമയ മാർഗങ്ങൾ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളെ അഭ്യർത്ഥിച്ചു.













