തിരുവനന്തപുരം : തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടന്ന “മലയാളികളുടെ രാമായണകാലങ്ങൾ” എന്ന രാമായണ വിചാര സത്രത്തിൽ പ്രസ്തുത സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈന്ദവ ആരാധനാമൂർത്തിയായ ശ്രീരാമചന്ദ്രനെ അധിക്ഷേപിച്ച് ഫ്ലെക്സുകൾ പ്രദർശിപ്പിച്ച വിഷയത്തിൽ ABRSM കേരളഘടകം ശക്തിയായി പ്രതിഷേധിച്ചു.
ബഹുഭൂരിപക്ഷം വരുന്ന ഭാരതീയജനതയും ധർമ്മമൂർത്തിയായി അത്യന്തം ആദരപൂർവ്വം ആരാധിക്കുന്ന ശ്രീരാമചന്ദ്രസ്വാമിയെ നികൃഷ്ട പുരുഷനായി ചിത്രീകരിച്ചു കൊണ്ട് മുൻകൂട്ടി ഫ്ലക്സുകൾ തയ്യാറാക്കി കൊണ്ട് പ്രസ്തുത സെമിനാറിൽ എത്തിച്ചേരുവാനും മുദ്രാവാക്യം മുഴക്കുവാനും തയ്യാറായ വിദ്യാർത്ഥികളെ നിലയ്‌ക്കു നിർത്തണം എന്ന് ABRSM ആവശ്യപ്പെട്ടു.
ക്ഷണിച്ചു വരുത്തിയ ഒരു അധ്യാപകനെ പരസ്യമായി വൈസ്ചാൻസലറുടെ സാന്നിധ്യത്തിൽ അവഹേളിച്ചതും അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. ഹൈന്ദവ സംസ്കാരത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നതിന് വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയ്‌ക്ക് അനുസരിച്ചുള്ള ഒരു പ്രഹസനമാണ് പ്രസ്തുത അക്കാദമികപരിപാടിയിൽ നടന്നത്.
പ്രസ്തുത അവഹേളനം ഒരു പ്രത്യേക മതവിഭാഗത്തോട് ഉള്ളതു മാത്രം അല്ല എന്നും ഭാരതീയ സംസ്കൃതിയോടും സനാതന പൈതൃകത്തോടും ഉള്ള അസഹിഷ്ണുതയും അവഹേളനവും കൂടി ആണ് എന്ന് ABRSM. വിലയിരുത്തുന്നു.
മുളയിലെ നുള്ളിയില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രവണതകൾ ഇനിയും നിഗൂഢമായി മുമ്പോട്ട്പോകും എന്നതിനാൽ ഈ വിഷയത്തിൽ പ്രസ്തുത സർവകലാശാലയിലെ വൈസ്ചാൻസലർ കർശനമായ നടപടി എടുക്കണമെന്നും ഇത്തരത്തിലുള്ള നിന്ദ്യമായ പ്രവൃർത്തികൾ വിദ്യാർത്ഥികളുടെ പക്ഷത്തുനിന്ന് ഇനിമേൽ ഉണ്ടാകാതിരിക്കാൻ വേണ്ട കരുതലും ശ്രദ്ധയും എടുക്കണമെന്നും ABRSM ജനറൽ സെക്രട്ടറി ഡോ: മിഥുൻ സുകുമാരൻ ശക്തമായി ആവശ്യപ്പെട്ടു.















