തിരുവനന്തപുരം : ആഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്ന് നൽകുമ്പോൾ, 1947 ഓഗസ്റ്റ് 14 അഖണ്ഡഭാരതത്തെ മതാധിഷ്ഠിതമായി വിഭജിച്ചതിനോടനുബന്ധിച്ച് അരങ്ങേറിയ എണ്ണമറ്റ ദുരന്തങ്ങളിൽ നിന്ന് ഓരോ ഭാരതീയനും ഉൾക്കൊള്ളേണ്ട പാഠങ്ങളുടെ ചരിത്രത്തിലേക്ക് നമ്മെ ഓർമ്മിപ്പിക്കുയാണ് ചെയ്യുന്നത് എന്ന് കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ ക.ഭ. സുരേന്ദ്രൻ.
ഭാരത വിഭജനഭീതി ദിന സ്മൃതി ആചരണത്തോടനുബന്ധിച്ച് ABRSM കേരള സർവകലാശാല ഘടകം ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു ക.ഭ.സുരേന്ദ്രൻ.
“മതത്തെ അടിസ്ഥാനമാക്കി ഭാരതരാഷ്‌ട്രം വിഭജിക്കുമ്പോൾ ഭാരതത്തിന്റെ അഖണ്ഡരാഷ്‌ട്രസങ്കല്പം തകർത്തെറിയപ്പെട്ടതിനാൽ കോടികൾ വരുന്ന അഭയാർത്ഥികൾ ഭാരതത്തിലേക്ക് അഗതികളായി ഒഴുകി എത്തിയത് ചരിത്രത്തിന്റെ ഏടുകളിലെ ദുരന്ത ത്യമായി ഇന്നും അവശേഷിക്കുന്നു. സ്വന്തം നാടിനെയും വീടിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം പലായനം ചെയ്ത നിസ്സഹായരായ ഭാരതീയർക്കും മുമ്പിൽ പഞ്ചാബിലും ബംഗാളിലും കൊടിയകലാപങ്ങൾ അരങ്ങേറി.
സമാനതകളില്ലാത്ത കൂട്ടക്കൊലകളും ലഹളകളും ആക്രമണങ്ങളും വംശഹത്യയും സ്ത്രീകളുടെ മാനഭംഗങ്ങളും ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഭാരതത്തിന്റെ പിൻതലമുറഇന്നും മുക്തമായിട്ടില്ല. ”വസുധൈവകുടുംബകം” എന്ന ഉദാത്ത സങ്കല്പത്തിൽ വിശ്വസിക്കുന്ന ഭാരതം സമന്വയത്തിന്റെയും സമാധാനത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും വിശ്വശാന്തിയുടെയും പാതയിലാണ് എന്നും സഞ്ചരിക്കുന്നത്. വിവിധതയിൽ ഏകത എന്ന സങ്കല്പം തന്നെയാണ് ഓരോ ഭാരതീയനെയും സമവായത്തിലേക്ക് ഉയർത്തുന്നത്. രാഷ്‌ട്രവിഭജനം കേവലം ഒരുസാമൂഹികവിഭജനത്തിന് മാത്രമല്ല കാരണമായിതീർന്നത് അതിലുപരി ഭാരതത്തിന്റെ അഖണ്ഡമായ ഒരു സംസ്കൃതിയുടെ വിഭജനത്തിനും സർവ്വോപരി ഭാരതീയഹൃദയങ്ങളുടെ വേർപിരിയലിനും കൂടി കാരണമായിതീർന്നു എന്നതിനാൽ ചരിത്രത്തിന്റെ ഏടുകളിൽ എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടു എന്നതും സ്മർത്തവ്യം തന്നെയാണ്”. ക.ഭ. സുരേന്ദ്രൻ പറഞ്ഞു
അഖണ്ഡഭാരതത്തിന്റെ വിഭജനത്തിന്റെ യഥാർത്ഥചരിത്രം ശരിയായദിശയിൽ പുതിയതലമുറകളിലേക്ക് പകർന്നുനൽകുവാനുള്ള വലിയദൗത്യം അധ്യാപകസമൂഹം ഏറ്റെടുക്കണം എന്നും ക.ഭ. സുരേന്ദ്രൻ ഉദ്ബോധിപ്പിച്ചു.















