ന്യൂഡൽഹി: വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആവർത്തിച്ചുളള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും മാദ്ധ്യമങ്ങളോട് സംസാരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നീഴലിൽ നിർത്താനുള്ള പ്രതിപക്ഷ ശ്രമത്തിന് ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാം നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വോട്ടർ പട്ടിക തയ്യാറാക്കുന്നത് വികേന്ദ്രീകൃതമായാണ്. താഴേതട്ടിലുള്ള ബുത്തുതല ഉദ്യോഗസ്ഥരാണ് പട്ടിക ആദ്യം തയ്യാറാക്കുന്നത്. ജില്ലതല ഉദ്യോഗസ്ഥരും ഇത് പരിശോധിക്കുന്നുണ്ട്. അതിന് ശേഷം കരട് പട്ടിക തയ്യാറാക്കുന്നു.
തുടർന്ന് ഡിജിറ്റൽ കോപ്പിയായും പേപ്പർ രൂപത്തിലും രാഷ്‌ട്രീയ പാർട്ടികൾക്ക് നൽകുന്നു. ഈ സമയത്ത് രാഷ്‌ട്രീയ പാർട്ടികൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ കമ്മീഷന് പരാതി നൽകാൻ സൗകര്യമുണ്ട്. എന്നാൽ ആ സമയത്ത് പിഴവുകൾ ചൂണ്ടിക്കാട്ടാൻ രാഷ്‌ട്രീയ പാർട്ടികൾ മുന്നോട്ട് വന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.















