ന്യൂഡൽഹി: ചരിത്ര ദൗത്യം പൂർത്തിയാക്കി ഇന്ത്യ ഗഗനസഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭാരതമണ്ണിൽ തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്. അദ്ദേഹത്തിന്റെ കുടുംബവും സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. മലയാളി ഗഗനസഞ്ചാരി പ്രശാന്ത് ബാലകൃഷ്ണൻ നായരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം സന്ദർശിക്കുമെന്നും സൂചനയുണ്ട്. തുടർന്ന് ജന്മനാടായ ലക്നൗവിലേക്ക് പോകും. ഓഗസ്റ്റ് 22നും 23നും നടക്കുന്ന ദേശീയ ബഹിരാകാശ ദിന ആഘോഷങ്ങളിലും ശുഭാംശു പങ്കെടുക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിലും രാജ്യത്തിന്റെ അഭിമാനമായ ശുംഭാംശ ശുക്ലയെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിൽ ശുഭാംശു പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജൂലൈ 15 നാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അദ്ദേഹം തിരിച്ചെത്തിയത്. 18 ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത്. ദൗത്യത്തിന്റെ മുന്നോടിയായുള്ള പരിശീലനത്തിനായി കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം യുഎസിലായിരുന്നു.
കഴിഞ്ഞ ദിവസം യുഎസിൽ നിന്നും യാത്ര ആരംഭിച്ചതിന് പിന്നാലെ ശുഭാംശു പങ്കുവച്ച വൈകാരികമായ കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുമ്പോൾ സമ്മിശ്ര വികാരമാണ് ഉള്ളത്. ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോകേണ്ടി വന്നതിൽ ദുഃഖമുണ്ട്. ദൗത്യത്തിന് ശേഷം രാജ്യത്തെ മുഴുവൻ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ്. ജീവിതം ഇതാണെന്ന് കരുതുന്നു. എന്റെ അനുഭവങ്ങൾ നിങ്ങളോട് പങ്കുവയ്‌ക്കാൻ ഇനിയും കാത്തിരിക്കാൻ ആകില്ലെന്നും’ ശുംഭാംശു കുറിച്ചിരുന്നു.















