ന്യൂഡൽഹി: സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരാമർശിച്ച്, വ്യവസായി പോളിറ്റ് ബ്യൂറോയ്‌ക്ക് നൽകിയ കത്ത് ചോർന്ന സംഭവം അസംബന്ധമെന്ന് എം. വി ഗോവിന്ദൻ. വാർത്ത അസംബന്ധമെന്നും അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഡൽഹിയിൽ പറഞ്ഞു.
എന്നാൽ കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായി. എം. ബി രാജേഷ്, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ, എം വി ഗോവിന്ദൻ മകൻ ശ്യാംജിത് എന്നിവരുടെ ബിനാമിയാണ് രാജേഷ് കൃഷ്ണൻ എന്നാണ് പ്രധാനമായും കത്തിൽ പറയുന്നത്. എം. ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് രാജേഷ് കൃഷ്ണന്റെ പണം എത്തി. വിഷയത്തിൽ രണ്ട് വർഷം മുമ്പ് ന്യൂമാഹി സ്വദേശിയായ വ്യവസായി ഷെർഷാദ് ഡിജിപിക്ക് നൽകിയ കത്തും പുറത്തു വന്നിട്ടുണ്ട്.
വിവാദം കൊഴുക്കുന്നതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ ചേരുകയാണ്. കേരളത്തിലെ നേതാക്കൾ വിഷയം ഉന്നയിക്കാനുള്ള സാധ്യതയില്ല. എന്നാൽ മറ്റംഗങ്ങളുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയർന്നേക്കാം. അങ്ങനെയാണെങ്കിൽ ഗോവിന്ദൻ യോഗത്തിൽ മറപടി നൽകേണ്ടി വരും. എന്നാൽ വിഷയം കൂടുതൽ ചർച്ച ചെയ്തു മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകാൻ അവസരം ഒരുക്കേണ്ടെന്നാണ് സിപിഎം നിലപാട്. .















