പാലക്കാട് : കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഗ്രൂപ്പ് യോഗം വിളിച്ചതിനെതിരെ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. വടകര എംപി ഷാഫി പറമ്പിലാണ് പാലക്കാട്ട് ഗ്രൂപ്പ് യോഗം വിളിച്ചത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേട്ടമുണ്ടാക്കുമെന്ന വ്യാമോഹത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കവുമായിട്ടായിരുന്നു ഷാഫി പറമ്പിൽ എംപി പാലക്കാട്ട് ഗ്രൂപ്പ് യോഗം വിളിച്ചത്. വീണ്ടും പാലക്കാട് നിന്നും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി ഷാഫി ഗ്രൂപ്പിന്റെ രഹസ്യ യോഗമാണ് പാലക്കാട് ചേർന്നത്. ഈ രഹസ്യ ഗ്രൂപ്പ് യോഗത്തിന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി തന്നെ നേതൃത്വം നൽകി എന്നാണ് റിപ്പോർട്ട്. പാലക്കാട്ടെ പ്രമുഖ ഷാഫി അനുകൂലികൾ യോഗത്തിൽ പങ്കെടുത്തു.
കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ഡിസിസി ജനറൽ സെക്രട്ടറിമാർ, യൂത്ത് കോൺഗ്രസ് കെഎസ്‌യു ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തന്റെ അനുയായി ആയ സി ചന്ദ്രനെ പാലക്കാട്ടെ ഡിസിസി പ്രസിഡണ്ടാക്കാൻ ഷാഫി സമ്മർദ്ദം ചൊലുത്തിയിരുന്നു.പി.വി രാജേഷിനെ ഡിസിസി പ്രസിഡൻ്റ് ആക്കണമെന്നായിരുന്നു വി കെ ശ്രീകണ്ഠൻ എംപിയുടെ ആവശ്യം.
എന്നാൽ ഇപ്പോൾ പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ കെപിസിസിയെ അതൃപ്തി അറിയിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡണ്ടായ ഷാഫി ഗ്രൂപ്പ് യോഗം വിളിച്ചതിലാണ് പരാതി.എ പി അനിൽകുമാറിനോടാണ് അതൃപ്തി അറിയിച്ചത്.
പാലക്കാട് സ്ഥാനാർഥിയാകാൻ ഷാഫി ചരടുവലിക്കുന്നതിൽ ഉൾപ്പെടെ നേതാക്കൾക്ക് അർഷമുണ്ട്. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസിനും അതൃപ്തിയുണ്ട്. മന്ത്രിസ്ഥാനം മുന്നിൽകണ്ട് വീണ്ടും പാലക്കാട്ടേക്ക് മത്സരിക്കാൻ വരാനുള്ള ഷാഫിയുടെ നീക്കങ്ങൾ തുടരുമ്പോഴാണ് കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും അതൃപ്തി പുകയുന്നത്.















