മുംബൈ: ബോംബെ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി മുൻ വക്താവും അഭിഭാഷകയുമായ ആരതി അരുൺ സാതെ. ആരതി സാതെ ഉൾപ്പെടെ മൂന്ന് പേരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് കഡേതങ്കർ, സുശീൽ ഘോടേശ്വരൻ എന്നിവരോടൊപ്പം ആരതി സാതെ സത്യവാചകം ചൊല്ലി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ജസ്റ്റിസ് അജയ് ഗഡ്കരി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ആരതി അദ്ധ്യക്ഷനായി. സുപ്രീം കോടതി കോളജീയമാണ് ജഡ്ജി സ്ഥാനത്തേക്ക് ആരതി സാതെയെ ശുപാർശ ചെയ്തത്. തുടർന്ന് അടുത്തിടെ ആരതി സാതെ ഉൾപ്പെടെ മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കൾ ആരതി സാതെയുടെ നിയമനത്തെ എതിർത്ത് രംഗത്തുവന്നു.
എസ്എഡി, ഡയറക്ട് ടാക്സ്, കസ്റ്റംസ്, സെബി എന്നിവയിൽ 20 വർഷത്തിലേറെ അഭിഭാഷക പരിചയമുള്ള ആളാണ് ആരതി സാതെ. 2023-ലാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ വക്താവായി ആരതി നിയമിതയായത്. പിന്നീട് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവയ്ക്കുകയായിരുന്നു. മുംബൈ ബിജെപി ലീഗൽ സെല്ലിന്റെ മേധാവി സ്ഥാനത്ത് നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും 2024-ൽ ആരതി രാജിവച്ചിരുന്നു.















