ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പ്രതിരോധ പദ്ധതിയിലൂടെ കൂടുതൽ ലഘു പോർവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകും. വ്യോമസേനയ്ക്കായി 97, തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 62,000 കോടി രൂപയാണ് യുദ്ധവിമാനങ്ങൾക്കായി ചെലവഴിക്കുക.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനാണ് (എച്ച്എഎൽ) യുദ്ധവിമാനങ്ങളുടെ നിർമ്മാണ ചുമതല. നേരത്തെ, 83 തേജസ് ഫൈറ്റര്‍ ജെറ്റുകള്‍ നിർമിക്കുന്നതിനുള്ള കരാറും എച്ച്എഎല്ലിന് നൽകിയിരുന്നു. 43,000 കോടി രൂപയാണ് ഈ കരാറിന്റെ മൂല്യം. മിഗ് -21 വിമാനങ്ങൾക്ക് പകരമായാണ് തേജസ് വിമാനങ്ങൾ വാങ്ങുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
വ്യോമസേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 എൽസിഎകളേക്കാൾ നൂതനമായ ഏവിയോണിക്സും റഡാറുകളും എൽസിഎ മാർക്ക് 1എ വിമാനത്തിലുണ്ട്. പുതിയ എൽസിഎ മാർക്ക് 1 എകളിലെ 65 ശതമാനത്തിൽ കൂടുതൽ തദ്ദേശമായി നിർമ്മിച്ച ഘടകങ്ങളാണ്.
പ്രതിരോധസേനയിൽ ആത്മനിർഭരത കൈവരിക്കുക എന്ന പ്രധാനമന്ത്രിയുടെ വീക്ഷണമാണ് ഇവിടെ പ്രാവർത്തികമാകുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എച്ച്എഎല്ലിന് കേന്ദ്രസർക്കാർ പ്രത്യേക ഊന്നലാണ് നൽകുന്നത്. അടുത്തിടെ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എഞ്ചിനുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള കരാറും എച്ച്എഎല്ലിന് ലഭിച്ചിരുന്നു. അടുത്തഘട്ടത്തിൽ 200-ലധികം എൽസിഎ മാർക്ക്-2 ഫൈറ്റർ ജെറ്റുകളും അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകളും (എഎംസിഎ) നിർമ്മിക്കാനുള്ള ഓർഡറുകളും എച്ച്എഎല്ലിന് ലഭിച്ചേക്കും.















