കോഴിക്കോട്: നരിക്കുനിയിൽ ലഹരി മരുന്ന് വാങ്ങുന്നതിനായി പ്ലസ്ടു വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണം കൈക്കലാക്കി. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രായപൂർത്തിയാകാത്ത പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
ആദ്യഘട്ടത്തിൽ വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണവും പണവും മോഷ്ടിച്ചിരുന്നു. വീട്ടുകാർ പിടിച്ചതോടെ പെൺകുട്ടി കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. പ്രതിയായ വിദ്യാർത്ഥി ലഹരി മാഫിയയുടെ കണ്ണിയാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. കാക്കൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ചെറിയ ക്ലാസിൽ ഇരുവരും ഒന്നിച്ച് പഠിച്ചതാണെന്ന് ബന്ധു പറഞ്ഞു. ആദ്യം ഫ്രണ്ട്സ് എന്ന രീതിയിലാണ് കണ്ടത്. വീട്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണ് സംശയം തോന്നിയത്. ആദ്യം ചെറിയ തുക, ആയിരവും അഞ്ഞൂറുമാണ് എടുത്തിരുന്നത്. ചോദിക്കുമ്പോൾ സ്കൂളിൽ കൊടുക്കാനാണ് എന്ന് പറയും. രണ്ട് മാസമായി കുട്ടിക്ക് പഠിക്കാൻ താൽപ്പര്യമില്ല, ശാരീരി ബുദ്ധിമുട്ടും ഉറക്കക്കുറവും ശ്രദ്ധയിൽപ്പെട്ടു. ഒടുവിൽ സ്വർണ്ണം നഷ്ടമായതോടെയാണ് സംശയം ബലപ്പെട്ടത്. ആദ്യം ചോദിച്ചപ്പോൾ സ്വർണം വീണു പോയതാണ് എന്നാണ് പറഞ്ഞത്. പിന്നീട് സത്യം പറയുകയായിരുന്നു, ബന്ധു പറഞ്ഞു.
നരിക്കുനിയെ ജ്വല്ലറിയിലാണ് പ്ലസ്ടു വിദ്യാർത്ഥി സ്വർണ്ണം വിറ്റത്. പ്ലസ്ടു വിദ്യാർത്ഥി ലഹരി വിൽപ്പനയിലെ കണ്ണിയാണോ എന്ന സംശയവും പെൺകുട്ടിയുടെ കുടുംബത്തിനുണ്ട്. ഇവരുടെ സംഘത്തിലെ കൂടുതലും പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. ഇങ്ങനെയുള്ളവരെ ലഹരി മാഫിയ തിരഞ്ഞുപിടിക്കുകയാണും ബന്ധു സ്വകാര്യ ചാനലിനോട് പറഞ്ഞു.















