പാലക്കാട്: യുവ നടിക്ക് അശ്ളീല സന്ദേശം അയച്ചതും മാധ്യമ പ്രവർത്തകയെ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചതും ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ തെളിവുകളോടെ പുറത്ത് വന്നിട്ടും ഷാഫി പറമ്പിൽ മൗനം പാലിക്കുന്നതിൽ പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ പൊന്തി വന്നിട്ടും വിഷയത്തിൽ ഷാഫി പറമ്പിൽ മൗനം തുടരുകയാണ്. ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ ഷാഫി പറമ്പിൽ തയ്യാറായിട്ടില്ല.
ഷാഫിയുടെ അരുമ ശിഷ്യനാണ് രാഹുൽ. വടകര പാർലിമെന്റ് മണ്ഡലത്തിൽ നിന്ന് ഷാഫി ജയിച്ചതിനെ തുടർന്ന് പാലക്കാട് നിയമസഭാ സീറ്റ് ഒഴിവു വന്നപ്പോൾ അവിടെ രാഹുലിനെ മത്സരിപ്പിച്ചത് ഷാഫിയാണ്. പാലക്കാട്ട് തന്നെയുള്ള അർഹരായ നിരവധിപേരെ ഒതുക്കിയാണ് ഷാഫി രാഹുലിന് സീറ്റ് വാങ്ങി കൊടുത്തത്.
പാലക്കാട്ടെ വോട്ടർമാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് രാഹുലിനെ പരിചയപ്പെടുത്തിയതും ഷാഫിയുടെ നേതൃത്വത്തിലായിരുന്നു
തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിനെ വിജയിപ്പിക്കാൻ കളത്തിൽ സദാസമയം സന്നദ്ധനായിരുന്നു ഷാഫി പറമ്പിൽ.
എന്നാൽ താൻ അവതരിപ്പിച്ച രാഹുലിനെതിരെ സ്ത്രീകളെ ദുരുപയോഗം ചെയ്തത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ ഷാഫി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങൾ പ്രതികരണങ്ങൾക്കായി ഷാഫിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയില്ല.















