പെരിയ: മുപ്പത്തി രണ്ടാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാല വേദിയാകും. സ്വദേശി ശാസ്ത്ര പ്രസ്ഥാനവുമായി സഹകരിച്ച് നവംബര്‍ ആറ് മുതല്‍ എട്ട് വരെ പെരിയ ക്യാമ്പസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മേറ്റീവ് സയന്‍സ് ആന്റ് ടെക്‌നോളജി എജ്യൂക്കേഷന്‍ ഫോര്‍ വികസിത് ഭാരത് എന്ന വിഷയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാര്‍ത്ഥികളും സംബന്ധിക്കും. ശാസ്ത്ര വിഷയങ്ങളിലുള്ള പ്രബന്ധാവതരണം, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംവാദം തുടങ്ങിയവ നടക്കും.
വിവിധ വിഷയങ്ങളിലായി 16 ടെക്‌നിക്കല്‍ സെഷനുകള്‍ ഉണ്ടാകും. സി.വി. രാമന്‍, പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണങ്ങളും നടക്കും. സപ്തംബര്‍ 30 വരെ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. ഓരോ സെഷനുകളിലെയും മികച്ച പ്രബന്ധത്തിന് യുവ ശാസ്ത്ര പുരസ്‌കാരം നല്‍കും. മികച്ച ഓറല്‍ പ്രസന്റേഷനും പോസ്റ്റര്‍ പ്രസന്റേഷനും അവാര്‍ഡുകള്‍ ഉണ്ടാകും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ssckerala.com, www.cukerala.ac.in എന്നിവ സന്ദര്‍ശിക്കുക.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുര്‍ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പഠിക്കാനും സംവദിക്കാനുമുള്ള അവസരമാണ് സയന്‍സ് കോണ്‍ഗ്രസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ് വെബ്‌സൈറ്റ് പുറത്തിറക്കി. വിജ്ഞാന്‍ ഭാരതി ദേശീയ ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രവീണ്‍ രാംദാസ്, സൗത്ത് ഇന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ഗ രവീന്ദ്രനാഥ് ബാബു, സിപിസിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ. മുരളി ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട സ്വാഗതവും സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ നന്ദിയും പറഞ്ഞു.















