ന്യൂഡല്‍ഹി: നിമിഷപ്രിയ കേസിൽ മാധ്യമ വാര്‍ത്തകള്‍ തടയണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. സുവിശേഷ പ്രസംഗകൻ കെ എ പോള്‍ ആണ് ഹർജി നൽകിയത്. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകന്‍ ആണ് കെ എ പോള്‍.
യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ ഈ മാസം 24 അല്ലെങ്കില്‍ 25 തീയതികളില്‍ തൂക്കിലേറ്റുമെന്നും , ചർച്ച പുരോഗമിക്കുന്നതിനാൽ വിഷയത്തില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അയാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മാധ്യമങ്ങള്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് അയാളുടെ ഹർജിയിലെ ആവശ്യം.പ്രധാനമായും മൂന്ന് ദിവസത്തേക്ക് മാധ്യമങ്ങളെ നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നാണ് പോളിന്റെ ആവശ്യം. മാത്രമല്ല കേസിലെ സഹായ സമിതിയുടെ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്രനും കൂടാതെ കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും മാധ്യമങ്ങളുമായി ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്നതും വിലക്കണമെന്നും കെ.എ പോള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചത്. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി അറിയിച്ചു.
നിമിഷപ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഇയാളുടെ എക്സ് പോസ്റ്റ് വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇക്കാര്യത്തില്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.














