പാലക്കാട്: മുതലമടയിൽ വനവാസി യുവാവിനെ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തിൽ വെസ്റ്റേൺ ഗേറ്റ്‍വേയ്സ് ഫാം സ്റ്റേ ഉടമ പ്രഭുവിനെതിരെ കേസെടുത്തു. പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തത്.
യുവാവിനെ ആറു ദിവസത്തോളം ഇരുട്ടുമുറിയിൽ അടച്ച് പട്ടിണിക്കിട്ട് മര്‍ദിച്ചതായാണ് പരാതി. മുതലമട ഉച്ചക്കുണ്ട് ചെമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
റിസോർട്ടിന് ചേർന്നുള്ള ഉടമയുടെ പറമ്പിൽ ജോലിക്ക് പോയതായിരുന്നു വെള്ളയ്യൻ. തേങ്ങ പെറുക്കുന്നതിനിടെ ഒരു മദ്യക്കുപ്പി കിട്ടി. ആ കുപ്പിയിലുള്ള മദ്യം വെള്ളയ്യൻ കുടിക്കുന്നത് ഉടമ കണ്ടു. തുടർന്ന് മുറിയിൽ അടച്ചിടുകയായിരുന്നു. ഒരു നേരമാണ് ആകെ ഭക്ഷണം കൊടുത്തത്. മൂത്രം ഒഴിക്കാൻ പോലും പുറത്തുവിട്ടില്ല. അവിടെ ജോലി ചെയ്യുന്ന ഒരാളാണ് പ്രദേശവാസികളെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാർ സംഘം ചേർന്ന് എത്തിയാണ് യുവാവിനെ മോചിപ്പിച്ചത്.















