ഉഡുപ്പി: ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്, മകൾ ഇല്ലെന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്. ക്ഷേത്രത്തിന് മുന്നിൽവച്ച് അനന്യഭട്ടെന്ന മകളെ കാണാതായി എന്ന് താൻ കള്ളം പറഞ്ഞതാണെന്ന് സുജാത ഭട്ട് സമ്മതിച്ചു. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് സുജാതയുടെ തുറന്നുപറച്ചിൽ.
മലയാളിയായ ജയൻ ടി, ഗിരീഷ് മട്ടന്നവർ എന്നിവരാണ് തന്നെ കള്ളം പറയിപ്പിച്ചത് എന്നും സുജാത പറഞ്ഞു. തന്റെ കുടുംബ സ്വത്ത് ക്ഷേത്രത്തിന് നൽകിയതുമായി ബന്ധപ്പെട്ട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നു. ആ സമയത്താണ് ഇത്തരം ഒരു കാര്യം പറഞ്ഞ് ജയനും ഗീരീഷും തന്നെ സമീപിച്ചത്. പിന്നീട് ഇവരുടെ നിർദ്ദേശപ്രകാരം മകളെ കാണാനില്ലെന്ന് കള്ളം പറഞ്ഞുവെന്നും സുജാത ഭട്ട് കന്നഡയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സുജാത പറഞ്ഞത് പച്ചക്കള്ളം ആണെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. മകളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അസ്ഥിക്കഷ്ണമെങ്കിലും കണ്ടെത്തി തരൂ എന്ന് പറഞ്ഞാണ് ഇവർ ആദ്യം മാദ്ധ്യമങ്ങളിൽ പ്രത്യേക്ഷപ്പെട്ടത്. പിന്നീട് ഇവർ നിറം പിടിച്ച കുറെ കഥകളും ഓരോ ദിവസും ഗൂഢസംഘത്തിന്റെ നിർദ്ദേശപ്രകാരം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞു.
ധർമ്മസ്ഥലയിൽ വച്ച് കൊല്ലപ്പെട്ടെന്ന് ആരോപിക്കുന്ന മറ്റൊരു യുവതിയായ സൗജന്യയുടെ പേരിലുള്ള ആക്ഷൻ കമ്മിറ്റിയുടെ അംഗങ്ങളാണ് ജയൻ ടി, ഗിരീഷ് മട്ടന്ന എന്നിവർ. ലോറിയുടമ മനാഫും ഇതിന്റെ ഭാഗമാണ്. സുജാത ഭട്ട് തന്റെ അണ്ടറിൽ ആണെന്ന് കഴിഞ്ഞ ദിവസം ജനം ഡിബേറ്റിൽ പങ്കെടുത്ത് കൊണ്ട് മനാഫ് പറഞ്ഞിരുന്നു.
ക്ഷേത്ര നഗരിയുടെ നാശം ലക്ഷ്യമിട്ടു കൊണ്ടുള്ള ഗൂഢസംഘമാണ് ആക്ഷൻ കമ്മിറ്റിക്ക് പിന്നിലെന്ന സംശയം ആദ്യം മുതൽക്കേ നിലനിന്നിരുന്നു. സുജാതയുടെ തുറന്നു പറച്ചിൽ വ്യക്തമാക്കുന്നതും ഇതാണ്. ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരാനായി മനാഫ് അടക്കമുള്ള ആക്ഷൻ കമ്മിറ്റി അംഗങ്ങളെ കേന്ദ്രീകരിച്ചും ഇനി അന്വേഷണം ഉണ്ടായേക്കും.
2013 ൽ ക്ഷേത്ര ദർശനത്തിന് എത്തിയ മകളെ കാണാതായി എന്നതായി എന്നായിരുന്നു സുജാത ഭട്ട് പറഞ്ഞത്. എന്നാൽ അതേ കാലത്ത് മൃഗസ്നേഹി എന്ന നിലയിൽ പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മക്കളില്ലെന്നാണ് ഇവർ പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അനന്യ ഭട്ടിന്റേത് എന്ന പേരിൽ ഇവർ നൽകിയ ഫോട്ടോ കുടക് സ്വദേശി ജയന്തിയുടേതാണെന്നും കണ്ടെത്തിയിരുന്നു. ധർമ്മസ്ഥലയിൽ ജെസിബി കുഴിയെടുക്കുന്നത് ലൈവ് നൽകിയ മലയാളത്തിലെ മറ്റ് മാദ്ധ്യമങ്ങൾ പക്ഷെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങൾ ബോധപൂർവ്വം വാർത്തയാക്കിയില്ല.















