കണ്ണൂർ: വീട്ടമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവും മരിച്ചു. കൂട്ടാവ് സ്വദേശിയായ ജിജേഷാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ബുധനാഴ്ചയാണ് കുറ്റിയാട്ടൂർ സ്വദേശിനി പ്രവീണയെ ജിജേഷ് ആക്രമിച്ചത്. വീടിന്റെ പുറത്തുനിന്നിരുന്ന പ്രവീണയെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.
ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ ജിജേഷിനെ ഒഴിവാക്കാൻ പ്രവീണ ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ജിജേഷ് യുവതിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ജിജേഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം സ്ഥലത്തെത്തിയത്. അതിദാരുണ കാഴ്ചയാണ് തൊഴിലാളികൾക്ക് കാണേണ്ടിവന്നത്. ശരീരം മുഴുവൻ തീപടർന്ന് തറയിൽ കിടന്നുപിടയുകയായിരുന്നു ഇരുവരും. ഉടൻ തന്നെ ആംബുലൻസിനെ വിളിക്കുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്തത് നാട്ടുകാരാണ്. പ്രവീണയുടെ ദേഹമാസകലം പൊള്ളലേറ്റിരുന്നു. ജിജേഷിന് അരയ്‌ക്ക് താഴേക്കാണ് ഗുരുതരമായി പരിക്കേറ്റത്.















