മംഗളൂരു: ധർമ്മസ്ഥലയ്‌ക്ക് ചുറ്റും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരനായ ചെന്ന എന്ന സി.എൻ. ചിന്നയ്യയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിടാൻ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കോടതി ശനിയാഴ്ച ഉത്തരവിട്ടു.
ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയിരുന്നു പരാതിക്കാരനായ സി എൻ ചിന്നയ്യ. മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കള്ളസാക്ഷ്യം പറഞ്ഞ ചുമത്തി അറസ്റ്റ് ചെയ്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം, അയാളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിജയേന്ദ്രയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ കൂടുതൽ അന്വേഷണത്തിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. കോടതി അപേക്ഷ അംഗീകരിച്ചു.
ഇന്ന് രാവിലെ, ചിന്നയ്യയെ എസ്‌ഐടി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. ധർമ്മസ്ഥല, ഉജിരെ, ബെൽത്തങ്ങാടി എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലേക്കും ചിന്നയ്യയെ കൊണ്ടുപോകാൻ സാധ്യതയുണ്ട്.















