മംഗളൂരു: ധര്‍മസ്ഥലയിലെ മുഖം മൂടി ധാരിയായ മുന്‍ ശുചീകരണത്തൊഴിലാളിക്കെതിരേ മുന്‍ഭാര്യ രംഗത്ത്. ധര്‍മസ്ഥലയില്‍ നൂറോളം പേരെ കൊന്ന് കുഴിച്ചുമൂടിയെന്ന വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ മാണ്ഡ്യ ചിക്കബള്ളി സ്വദേശി സി.എന്‍. ചിന്നയ്യക്കെതിരേയാണ് ഇയാളുടെ മുന്‍ഭാര്യ രത്‌നമ്മ രംഗത്തെത്തിയത്.
പണത്തിനുവേണ്ടിയാകാം ചിന്നയ്യ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ചതെന്നാണ് ഇയാളുടെ മുന്‍ഭാര്യ പറയുന്നത്. ചിന്നയ്യ ഒരു നുണയനാണെന്നും കള്ളം പറയുന്നത് പതിവാണെന്നും വിവാഹമോചന കേസിനിടെ കോടതിയില്‍ പോലും ഇയാള്‍ കള്ളം പറഞ്ഞതായും രത്‌നമ്മ ആരോപിച്ചു. 2006-ലാണ് ചിന്നയ്യയും രത്‌നമ്മയും വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ ഒരുമകളും മകനും ഉണ്ട്.
ചിന്നയ്യക്ക് ഭീമ എന്നും പേരുണ്ടെന്നാണ് രത്‌നമ്മ പറയുന്നത്.നാഗമംഗലയിലെ തദ്ദേശസ്ഥാപനത്തിലെ തൊഴിലാളിയാണ് രത്‌നമ്മ. ഒരുമിച്ച് ജീവിക്കുന്ന കാലത്ത് ധര്‍മസ്ഥലയില്‍ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു ചിന്നയ്യ പറഞ്ഞിരുന്നില്ല. വിവാദമുണ്ടാക്കി പണം ഉണ്ടാക്കാനായിരിക്കാം ചിന്നയ്യ ശ്രമിച്ചതെന്നും രത്‌നമ്മ പറയുന്നു.
പണത്തിനുവേണ്ടി എന്തുംചെയ്യാന്‍ തയ്യാറാകുന്ന ആളാണ് ചിന്നയ്യ എന്ന് നാട്ടുകാരില്‍ ഒരാളായ ചിക്കബള്ളി ബാലുവും ആരോപിച്ചു. ധര്‍മസ്ഥലയില്‍ ഇയാൾ വിവാദ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ തന്നെ അത് അടിസ്ഥാന രഹിതമായിരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്നും ചിക്കബള്ളി ബാലു ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞു.
ചിന്നയ്യയെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ഇയാളുടെ വെളിപ്പെടുത്തല്‍ വ്യാജമാണെന്നും ഹാജരാക്കിയ തെളിവുകളടക്കം കള്ളമാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചിന്നയ്യക്കെതിരേ മുന്‍ഭാര്യ രംഗത്തെത്തിയത്. ധര്‍മസ്ഥലയില്‍ മകളെ കാണാതായെന്ന് ആരോപിച്ചിരുന്ന സുജാത ഭട്ട് എന്ന സ്ത്രീയും തന്റെ ആരോപണം കള്ളമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തി.















