കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ അറസ്റ്റിൽ ശ്രീലങ്കയിൽ വൻ പ്രതിഷേധം. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റത്തിനാണ് ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
രാഷ്‌ട്രത്തലവനായിരിക്കെ, ബ്രിട്ടീഷ് സർവകലാശാലയിൽ ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ 2023 സെപ്റ്റംബറിൽ ലണ്ടനിലേക്ക് പോയതുമായി ബന്ധപ്പെട്ട് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് വിക്രമസിംഗെയെ കസ്റ്റഡിയിലെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയ 76 കാരനായ വിക്രമസിംഗെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
വിക്രമസിംഗെ രാഷ്‌ട്രത്തലവനായിരിക്കെ, 2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് സർവകലാശാലയിൽ നടന്ന തന്റെ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടൻ സന്ദർശിക്കാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം.
ഒരു ഔദ്യോഗിക പരിപാടിക്ക് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങുകയായിരുന്നു വിക്രമസിംഗെ, ഭാര്യയുടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ ചെലവിൽ യുകെ സന്ദർശിച്ചതായിട്ടാണ് ആരോപണം.
അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ കൊളംബോയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി. സർക്കാരിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം എന്ന് പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടു. രക്തസമ്മർദ്ദം ഉയർന്നതോടെ അദ്ദേഹത്തെ ഇന്നലെ രാത്രി ജയിലിലെ ആശുപത്രിയിൽ നിന്ന് നാഷണൽ ആശുപത്രിയിലേക്ക് മാറ്റി. വിക്രമസിംഗെ ഐസിയുവിൽ തുടരുകയാണ്.
2022 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെ അദ്ദേഹം ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു. മുതിർന്ന രാഷ്‌ട്രീയക്കാരനായ വിക്രമസിംഗെ ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.















