ബെംഗളൂരു : കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ നിയമസഭയിൽ സംഘ പ്രാർത്ഥന ആലപിച്ചതിനെ പിന്തുണച്ച് കുനിഗൽ എംഎൽഎ ഡോ. എച്ച് ഡി രംഗനാഥ് രംഗത്തെത്തി.
തുംകുരുവിലെ കുനിഗലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ, ആർഎസ്‌എസ് പ്രാർത്ഥനാ ഗാനമായ ‘നമസ്‌തേ സദാ വത്സലേ’യുടെ ആദ്യ കുറച്ച് വരികൾ അദ്ദേഹം ആലപിച്ചു. മാത്രമല്ല, സംഘ പ്രാർത്ഥനയെ അദ്ദേഹം സ്തുതിക്കുകയും ചെയ്തു.
ഡെപ്യൂട്ടി മുഖ്യമന്ത്രി ശിവകുമാർ നിയമസഭയിൽ ഈ ഗാനം ആലപിച്ചപ്പോൾ, അതിന്റെ അർത്ഥം ഞാൻ വീണ്ടും വായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിൽ എനിക്ക് ഒരു തെറ്റും തോന്നിയില്ല. നമ്മൾ ജനിച്ച മണ്ണിന് മുന്നിൽ തലകുനിക്കണം എന്നാണ് പാട്ടിന്റെ അർത്ഥം. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ കോൺഗ്രസ് പാർട്ടി മതേതരമാണ്, മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ ഒരിക്കലും മടിക്കാറില്ല.കുനിഗൽ എംഎൽഎ ഡോ. എച്ച് ഡി രംഗനാഥ് പറഞ്ഞു.
ഓഗസ്റ്റ് 21 ന് കർണാടക നിയമസഭയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ ഡി കെ ശിവകുമാർ സംഘ പ്രാർത്ഥനാ ഗാനം ആലപിച്ചിരുന്നു.















