തിരുവനന്തപുരം: പെൺ വേട്ടക്കാരൻ എന്നുള്ള വെളിപ്പെടുത്തലുകൾ വന്നതിനെ തുടർന്ന് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തൃക്കാക്കരയിലെ കോൺഗ്രസ് വനിതാ എം എൽ എ ഉമാ തോമസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ – ഷാഫി പറമ്പിൽ ഫാൻസ് ഗുണ്ടകളുടെ സൈബര്‍ ആക്രമണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഉമാ തോമസിനെ തെറിവിളിച്ചും അപകീർത്തിപ്പെടുത്തിയും സൈബർ ഗുണ്ടകൾ നിറഞ്ഞാടുകയാണ് . രാഹുൽ മാങ്കൂട്ടത്തിലിന്റെ പെൺ വേട്ട വിഷയവുമായി ബന്ധമില്ലാത്ത ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ പോലും സൈബർ ഗുണ്ടകളുടെ നിരവധി അശ്ളീല ചുവയുള്ള കമന്റുകളാണ് വന്നത്.
‘ പി ടി തോമസിന്റെ മരണത്തെ തുടർന്ന് എംഎൽഎ ആയ ആളാണ് ” ഏന് സൂചിപ്പിക്കുന്നതു മുതൽ , രാഷ്‌ട്രീയത്തിൽ താങ്കൾക്ക് വിവരമില്ലെ’ന്നുള്ള പ്രതികരണങ്ങൾ വരെയുണ്ട്. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്‍റ്. നന്ദി കാണിച്ചില്ലെങ്കിലും ‘പിന്നിൽ നിന്ന് കുത്തരുത്, അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം’ എന്നടക്കമുള്ള ഭീഷണി കമന്റുകളും ഉയരുന്നുണ്ട്. അതേസമയം വ്യക്തി അധിക്ഷേപം നടത്തുന്ന ധാരാളം കമന്‍റുകളും ഉമാ തോമസിനെതിരെ രാഹുൽ ഷാഫി ഫാന്സിന്റെതായി സൈബർ ഇടത്തിൽ വരുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന പ്രതികരണങ്ങളും ഈ കമന്റുകളിലുണ്ട്.
ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു ഉമാ തോമസ് എംഎല്‍എ പറഞ്ഞത്. തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ രാഹുലിന് മാനനഷ്ടക്കേസ് നല്‍കാമായിരുന്നു. പ്രതികരിക്കാത്തതിനാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് വേണം കരുതാന്‍. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല എന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
രാഹുല്‍ രാജിവെയ്‌ക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമുണ്ടാകില്ല. ഇത്തരത്തിലുള്ള ആളുടെ വെച്ചുപൊറുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്. രാജിവെയ്‌ക്കാത്ത പക്ഷം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഇങ്ങനെ ഒരാളെ പാര്‍ട്ടിക്ക് വേണ്ടെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞിരുന്നു.















