കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം. സൈബർ ഇടത്തിലെ പ്രധാനപ്പെട്ട ഷാഫി – രാഹുൽ അനുകൂലികളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം. താരയ്‌ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ അശ്ലീല പരാമർശങ്ങൾ നടത്തിയാണ് ഷാഫിയുടെ സൈബർ ഗുണ്ടകൾ ആക്രമണം നടത്തുന്നത്.
ഷാഫി പറമ്പിലിന്റെ അനുയായിയായ നിസാർ കുമ്പിള എന്നയാൾ അശ്ലീല പരാമർശങ്ങളോടെ താരയുടെ പേര് സൂചിപ്പിക്കാതെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെ താരയ്‌ക്കെതിരെ അപകീർത്തികരമായ അനേകം പരാമർശങ്ങൾ കമൻ്റുകളായി വന്നിട്ടുണ്ട്.
‘ബ്ലാക്ക് മെയിൽ രാഷ്‌ട്രീയം കളിച്ച് സീറ്റ് ഒപ്പിക്കാൻ നോക്കിയ സ്ത്രീ രൂപത്തെ കോൺഗ്രസിന്റെ എല്ലാ ഒഫീഷ്യൽ ഗ്രൂപ്പുകളിൽ നിന്നും തൂക്കിയിട്ടു’ണ്ടെന്ന് നിസാർ കുമ്പിള പോസ്റ്റിൽ ആധികാരികമായി അവകാശപ്പെടുന്നു.എടുത്ത് എഴുതാൻ കഴിയാത്ത അത്ര അശ്ളീല പരാമർശങ്ങളും ഈ പോസ്റ്റിൽ നിസാർ കുമ്പിള നടത്തിയിട്ടുണ്ട്. തുടർന്ന് ഈ പോസ്റ്റിന് താഴെ താരയുടെ പേര് പറഞ്ഞാണ് സൈബർ ആക്രമണം നടക്കുന്നത്. അവർക്കെതിരെ ധാരാളം സ്ത്രീ വിരുദ്ധ അശ്ളീല പരാമർശങ്ങളും ഉണ്ട്.
‘ഇജ്ജാതി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാത്തവളുമാരെ ഒക്കെ പിടിച്ച് മീഡിയ സെല്ലിന്റെ തലപ്പത്ത് കൊണ്ടുവരുമ്പോ ഒന്ന് ആലോചിക്കണമായിരുന്നു’ എന്നാണ് നിസാർ കുമ്പിളയുടെ പോസ്റ്റിൽ വന്നിരിക്കുന്ന ഒരു കമൻ്റ്. ‘അയ്യോ വലിയ എന്തോ സംഭവം ആണെന്നാ ആ തമ്പുരാട്ടിയുടെ വിചാരം ‘. ‘ഒറ്റുന്നവർക്ക് മുകളിൽ വേറെ ഒറ്റുകാരുണ്ടാകുമെന്ന് തള്ള കരുതിയില്ല’ എന്നും കമൻ്റുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ പെൺവേട്ട വെളിപ്പെട്ടതിനെത്തുടർന്ന് എന്തുകൊണ്ടാണ് ഇരയായ പെൺകുട്ടികൾ പരാതിയുമായി പുറത്തുവരാത്തത് എന്നതിനെക്കുറിച്ചും പരാതി ഉന്നയിക്കുന്ന പെൺകുട്ടികളോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും വിശദീകരിച്ചു കൊണ്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഒരു വലിയ കുറിപ്പ് പങ്കുവെച്ചിരുന്നു. വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഈ ഫേസ്ബുക്ക് പോസ്റ്റിലും ഷാഫി – രാഹുൽ അനുകൂല സൈബർ ഗുണ്ടകളുടെ വിളയാട്ടമാണ്.
യു എ ഇ യിൽ ജോലി ചെയ്യുന്ന നിസാർ കുമ്പിളയ്‌ക്ക് കേരളത്തിലെ പല കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ടെങ്കിലും, ഇയാൾ ഷാഫി പറമ്പിൽ – രാഹുൽ മാങ്കൂട്ടത്തിൽ ഗ്രൂപ്പിന്റെ പ്രധാന കണ്ണിയായിട്ടാണ് കരുതപ്പെടുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഉമാ തോമസിനെയും സൈബർ ഗുണ്ടകൾ വെറുതെ വിട്ടില്ല.















