ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഗ്-21 യുദ്ധവിമാനത്തിന്റെ ഔദ്യോഗിക വിരമിക്കൽ സെപ്റ്റംബർ 26 ന്. വിരമിക്കലിന് മുന്നോടിയായി, എയർ ചീഫ് മാർഷൽ എ.പി സിംഗ് ബിക്കാനീറിലെ നാൽ എയർബേസിൽ വച്ച് മിഗ് വിമാനത്തിന് യാത്രയപ്പ് നൽകി. മിഗ് – 21 യുദ്ധവിമാനങ്ങളെ പ്രവർത്തിപ്പിക്കുന്ന അവസാന സ്ക്വാഡ്രണായ നമ്പർ 23 സ്ക്വാഡ്രൺ പാന്തേഴ്‌സ് സന്ദർശിച്ചാണ് എ.പി സിംഗ് ചടങ്ങിന്റെ ഭാഗമായത്.
ആറ് പതിറ്റാണ്ട് മുൻപാണ് മിഗ്-21 ഇന്ത്യൻ ആകാശത്തിന്റെ വിശ്വസ്ത സേവകനായി ചുമതലയേറ്റത്. 1963 ൽ ചണ്ഡീഗഢ് ആസ്ഥാനമായുള്ള നമ്പർ 28 സ്ക്വാഡ്രണിന്റെ ഭാഗമായി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമെന്ന എന്ന പദവിയും മിഗ് സ്വന്തമാക്കി.
നിരവധി യുദ്ധങ്ങളിലും സംഘർഷങ്ങളിലും മിഗ് കരുത്ത് തെളിയിച്ചുണ്ട്. ഇന്ത്യ- പാക് യുദ്ധത്തിനിടെ 1971 ഡിസംബർ 14 ന് ധാക്കയിലെ ഗവർണറുടെ വസതിയിൽ ബോംബ് വർഷിച്ചത് മിഗ് വിമാനങ്ങളായിരുന്നു. പിറ്റേദിവസമായിരുന്നു ഗവർണറുടെ രാജിയും പാകിസ്ഥാൻ കീഴടങ്ങലും. 93,000 പാകിസ്ഥാൻ സൈനികരാണ് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ആയുധം താഴെ വച്ചത്. യുദ്ധത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ധാക്കയിലെ ബോംബിഗ്.
എന്നാൽ കാലാധിഷ്ഠിതമായി സാങ്കേതിക വിദ്യ നവീകരിക്കാത്തത് മിഗിന്റെ ഖ്യാതിക്ക് കരിനിഴൽ വീഴ്‌ത്തി. വിമാനങ്ങൾ അപകടം തുടർക്കഥയായി. ഇതോടെ നരേന്ദ്രമോദി സർക്കാർ മിഗ് പിൻവലിക്കാൻ തയ്യാറടുത്തു. മിഗിന് പകരമായി തദ്ദേശീയമായി നിർമിച്ച തേജസ് വിമാനങ്ങളും, ഫ്രഞ്ച് റാഫേലും വ്യോമസേനയക്കായി വാങ്ങി. കണക്കുകൾ പ്രകാരം, ഏകദേശം 400 മിഗ്-21 അപകടങ്ങളിലായി 200-ലധികം പൈലറ്റുമാരെ വ്യോമസേനയ്‌ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി ബ്ലാക്ക് മാർക്ക് വീണെങ്കിലും മിഗ് ധൈര്യത്തിന്റെയും, പ്രതിരോധശേഷിയുടെയും, ദേശീയ അഭിമാനത്തിന്റെയും പ്രതീകമായി ഇന്നും കണക്കാക്കപ്പെടുന്നു.
മിഖായോൻ-ഗുരേവിച്ചിന്റെ ചുരുക്കെഴുത്താണ് മിഗ്. പഴയ സോവിയറ്റ് യൂണിയനിലാണ് യുദ്ധവിമാനത്തിന്റെ പിറവി. 60-ലധികം രാജ്യങ്ങളിൽ 11,000-ത്തിലധികം മിഗ് വിമാനങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതൽ കാലം ആകാശത്ത് പറന്ന സൂപ്പർസോണിക് ജെറ്റ് എന്ന ഖ്യാതിയും മിഗിനാണ്.















