കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പന്തിരങ്കാവ് സ്വദേശിനിയായ 43 കാരിക്കാണ് രോഗബാധ കണ്ടെത്തിയത്. യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബിച്ച് ആശുപത്രിയിൽ യുവതി ചികിത്സ തേടിയത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
യുവതിയുടെ വീട്ടിലെ കിണർ വെള്ളം പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. രണ്ട് മാസം മുൻപ് മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് യുവതി സ്വകാര്യ ആശുപത്രിയിൽ താമസിച്ചിരുന്നു. ഇവിടെ നിന്നാണോ രോഗബാധ എന്നും സംശയമുണ്ട്.
ജില്ലയിൽ പത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും കൃത്യമായ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പൊതുജലാശയങ്ങൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകുന്നുണ്ട്. എന്നാൽ വ്യാപക പരിശോധന നടത്താനോ ഇത് സംബന്ധിച്ച പഠനം നടത്താനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.















