മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷം. മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകട യാത്ര നടത്തിയത്. കെഎസ്ആർടിസി ബസിന്റെ ഡോറിൽ തൂങ്ങിയും ഡാൻസ് കളിച്ചും കൊണ്ടുള്ള അപകട യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് ഇവർ വാടകയ്‌ക്കെടുത്തിരുന്നു.
ഇന്നലെയാണ് കോളേജിൽ ഓണാഘോഷം നടന്നത്. ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെയായിരുന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ യാത്ര. ഇടുങ്ങിയ റോഡിലൂടെ തല പുറത്തിട്ടും ആർപ്പു വിളിച്ച് ബഹളം വെക്കുന്നുണ്ട്. നിരവധി ഇലക്ട്രിക് പോസ്റ്റുകളുള്ള റോഡിൽ തലനാരിഴയ്‌ക്കാണ് അപകടം ഒഴിവായത്.
ഇതിനെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. നാട്ടുകാരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.















