തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീകളുടെ മൊഴിയും രേഖപ്പെടുത്തും. രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തെ രൂപീകരിക്കും. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തോടൊപ്പമുണ്ടാകും.
ഗർഭഛിദ്രം സംബന്ധിച്ച് പുറത്തുവന്ന കോൾ റെക്കോർഡിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയർന്ന ആരോപണങ്ങളുടെ വസ്തുത അന്വേഷിക്കും. വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തതിനാണ് കേസെടുത്തത്. ആരോപണങ്ങൾ ഉന്നയിച്ച പെൺകുട്ടികൾ നേരിട്ട് പരാതി നൽകാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്.
ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. കൂടാതെ രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ ആവശ്യപ്പെടാതെ രാഹുലിന് സംരക്ഷണമൊരുക്കുകയാണ് ഷാഫി പറമ്പിൽ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതൃത്വം.















