കോട്ടയം: പെൺവേട്ട വിവാദത്തിൽ കുടുങ്ങിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസില്‍ അദ്ദേഹത്തെ ന്യായീകരിച്ചു കൊണ്ട് മലങ്കര സുറിയാനി സഭാധ്യക്ഷന്‍ പ്രതികരിച്ചു എന്ന നിലയിലുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് സഭ വ്യക്തമാക്കി.
പെൺ വേട്ട വിഷയത്തിൽ പെട്ട രാഹുലിന് അനുകൂലമായി സഭാധ്യക്ഷന്‍ പ്രതികരിച്ചു എന്ന നിലയില്‍ വ്യാജ പോസ്റ്ററുകള്‍ നിര്‍മിക്കുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സഭ പൊലീസിൽ പരാതി നൽകി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരാതി നല്‍കിയത്.
മലങ്കരസഭാ വിശ്വാസികള്‍ നടത്തുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസ സംരക്ഷകര്‍ എന്ന പേജിനോട് സാമ്യം തോന്നുന്ന ‘Orthodox vishvaasa samrakshakan’ എന്ന പേജിലൂടെയാണ് വ്യാജ പ്രചരണം നടത്തിയത് എന്നും പരാതിയില്‍ പറയുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ചിത്രമായിരുന്നു വ്യാജമായി ചേർത്തത്.















