തിരുവനന്തപുരം: ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചു. നിലവിൽ 16 കോച്ചുകളാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് നേരത്തേ 20 കോച്ചുകളാക്കിയിരുന്നു.
2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. മിക്ക വന്ദേഭാരത് എക്സ്പ്രസുകളും ഹൗസ് ഫുള്ളായാണ് ഓടുന്നത്. ടിക്കറ്റ് ലഭിക്കുന്നില്ലെന്ന യാത്രക്കാരുടെ ആവലാതി പരിഗണിച്ചാണ് രാജ്യത്തെ തിരക്കേറിയ ഏഴ് വന്ദേഭാരത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. ദക്ഷിണ റെയിൽവേക്കു കീഴിൽ മംഗളൂരു വന്ദേഭാരത് കൂടാതെ ചെന്നൈ-തിരുനെൽവേലി, ചെന്നൈ-വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.















