സന: ഇസ്രയേലിന്റെ വ്യോമാക്രണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വമാണ് കൊല്ലപ്പെട്ടത്.
യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് അൽ റഹാവിയും സംഘവും കൊല്ലപ്പെട്ടതെന്ന് യെമനിലെ അൽ-ജുംഹുരിയ ചാനലും ആദൻ അൽ-ഗാദ് പത്രവും റിപ്പോർട്ട് ചെയ്തു. എന്നാൽ ആഗസ്റ്റ് 29 ന്, യെമനിലെ സനയ്‌ക്ക് സമീപം ഒരു ഹൂതി സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കിയത്.
2014 മുതൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്. പ്രസിഡന്റ് റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര അംഗീകാരമുള്ള സർക്കാരിനാണ് തെക്ക് ഏദൻ ആസ്ഥാനമായുള്ള പ്രദേശം. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകര സംഘടനകൾ ഉൾപ്പെടുന്ന പ്രാദേശിക ഇസ്രായേൽ വിരുദ്ധ കൂട്ടായ്മയുടെ ഭാഗമാണ് ഹൂതികൾ.















