ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിന് പുന്നമടക്കായല്‍ ഒരുങ്ങി. പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 71-ാമത് ജലമേള ഇന്ന് പുന്നമടയിലെ ഓളപ്പരപ്പില്‍ നടക്കും. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ മാറ്റുരയ്‌ക്കുന്നത്.
രാവിലെ 11 മുതലാണു മത്സരങ്ങൾ. ഇത്തവണ 21 ചുണ്ടൻവള്ളങ്ങൾ മത്സരിക്കുന്നുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങൾ.xജലോത്സവം ഉച്ചകഴിഞ്ഞു രണ്ടു മണിക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സാണു രാവിലെ നടക്കുക. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ 4 മണിക്ക് നടക്കും.
ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ നഗരത്തില്‍ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറുമണിമുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു.
തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.















