ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിൽ ഒന്നാമനായി വീയപുരം ചുണ്ടൻ. പുന്നമടക്കായലിൽ നടന്ന 71-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. ചുണ്ടൻവള്ളങ്ങളുടെ ഫൈനലിലാണ് വീയപുരത്തിന് വിജയം. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്.
ഒന്നാം ട്രാക്കിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേൽപ്പാടം ചുണ്ടനും, രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനും മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനുമാണ് മത്സരിച്ചത്.
നേരത്തെ ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം നേടിയ 4 ടീമുകളാണ് ഫൈനലിൽ മത്സരത്തിന് യോഗ്യത നേടിയത്. ലൂസേഴ്സ് ഫൈനലിൽ തലവടി, പായിപ്പാടൻ, കാരിച്ചാൽ, നടുവിലെ പറമ്പൻ എന്നിവരാണ് ഫൈനലിലെത്തിയത്.
ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ചെറുതന പുത്തൻചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)സെക്കന്റ് ലൂസേഴ്‌സ് ഫൈനൽ വിജയിയായി. തേർഡ് ലൂസേഴ്‌സ് ഫൈനൽ വിജയി സെൻറ് ജോർജ് (ഗാഗുൽത്ത ബോട്ട് ക്ലബ്) ചുണ്ടനാണ്.















